കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം ഹാജരായത്. ഡി.ഐ.ജി. എ. അക്ബറിന്റെയും എസ്.പി. സോജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് രാഷ്ട്രീയനാടകമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പരാതിക്കാരന്റെ സി.ഡി.ആര്‍. പരിശോധിച്ച് ആളുകളെ വിളിച്ചുവരുത്തുന്നത്. ഇത് പാര്‍ട്ടിയെ അപമാനിക്കാനുള്ള നീക്കമാണ്. രാഷ്ട്രീയ യജമാനന്മാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോലീസ് നടത്തുന്ന ശ്രമമാണിതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി. നേതാക്കളോടൊപ്പമാണ് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു സുരേന്ദ്രനെ അനുഗമിച്ചിരുന്നു.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്നായിരുന്നു അന്ന് സുരേന്ദ്രന്‍ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രന്‍ തന്നെ അറിയിക്കുകയായിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍.

നേരത്തെ കേസില്‍ നിരവധി ബി.ജെ.പി. നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. അതിന്റ ഒടുവിലാണ് കെ. സുരേന്ദ്രനിലേക്കും അന്വേഷണമെത്തിയത്. പണത്തിന്റെ ഉറവിടം, എന്തൊക്കെ ആവശ്യത്തിനാണ് ഈ പണം ഉപയോഗിച്ചത്, ധര്‍മരാജന്‍ എന്തിനാണ് കവര്‍ച്ച സമയത്ത് കെ. സുരേന്ദ്രനെയും മകനെയും വിളിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കെ. സുരേന്ദ്രനില്‍ നിന്ന് അറിയേണ്ടത്.സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്.

കൊടകര കുഴല്‍പ്പണ കേസ് പ്രതി ധര്‍മരാജന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരവധി ബി.ജെ.പി. നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കുഴല്‍പ്പണം നഷ്ടപ്പെട്ട ഉടനെ ധര്‍മരാജന്‍ വിളിച്ചത് ഏഴ് ബി.ജെ.പി. നേതാക്കളെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *