വിദ്യാർത്ഥികളെ ചതിയിൽ വീഴ്ത്താൻ ഗൂഡസംഘം. ഓണ്‍ലെെന്‍ ക്ളാസുകളിൽ പങ്കെടുക്കുന്ന ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് സംഘത്തിന്റെ പ്രവർത്തനം. അധ്യാപകർ ചമഞ്ഞും സുഹൃത്ത് ചമഞ്ഞും ബന്ധം സ്ഥാപിക്കുന്ന ഇവർ വിദ്യാർത്ഥികളുടെ അശ്ലീല ദൃശ്യങ്ങൾ സ്വന്തമാക്കിയാണ് ഭീഷണിപ്പെടുത്തുന്നത്.

വിദ്യാർത്ഥികളെ അധ്യാപകർ ചമഞ്ഞ് കെണിയിൽ വീഴ്ത്തുന്നതിന്റെ ആദ്യഘട്ടം ബന്ധം സ്ഥാപിക്കലാണ്. കുട്ടികളോട് ബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ തുടർന്ന് അശ്‌ളീല ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി നൽകാൻ ആവശ്യപ്പെടും. ചതിയിൽ വീഴുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി തുടര്‍ന്നും ചൂഷണം ചെയ്യും. കരുവാരകുണ്ടിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് വിളി എത്തിയത് ഒമാൻ നമ്പറിൽ നിന്നാണ്. സൗഹൃദം സ്ഥാപിച്ച സംഘം അശ്ലീല വീഡിയോ പകർത്തി നൽകാൻ ആവശ്യപ്പെട്ടതോടെയാണ് ചതി തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്തു.

രക്ഷിതാവിന്റെ ഇടപെടലാണ് വാണിയമ്പലത്തെ വിദ്യാർത്ഥിയെ തുടക്കത്തിൽ തന്നെ രക്ഷിച്ചത്. ഇവരുടെയും സ്‌കൂളിന്റെയും പരാതിയിൽ പാണ്ടിക്കാട് പൊലീസ് കേസ് എടുത്തു.

എന്നാൽ ഈ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് മൂന്നിലധികം വിദ്യാർത്ഥികൾ ദൃശ്യങ്ങൾ പകർത്തി നൽകിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗൾഫ് നമ്പറുകളും നെറ്റ് നമ്പറും മറയാക്കി പ്രവർത്തിക്കുന്നവർ ഗൾഫിലുള്ള മലയാളികളടങ്ങുന്ന സംഘമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പല വിദ്യാർത്ഥികളും രക്ഷിതാക്കളും വിവരങ്ങൾ മറച്ചു വയ്ക്കുന്നതാണ് പൊലീസിനും വെല്ലുവിളിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *