സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ആരംഭിച്ചു. ഉപവാസത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംസ്ഥാനത്തുടനീളം സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും സ്ത്രീധനത്തിനും എതിരെ സംസ്ഥാന ഭരണത്തലവനായ ഗവർണർ ഉപവസിക്കേണ്ടി വരുന്നു എന്നത് ക്രമസമാധാന തകർച്ചയുടെ ആഴത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ചു അഭിനന്ദനം അറിയിക്കുകയും ചെയ്തു.
പിഞ്ചുകുഞ്ഞു മുതൽ വയോജനങ്ങൾ വരെ ദിവസേനയെന്നോണം പീഡനം നേരിടുന്നതിന്റെയും കൊലചെയ്യപ്പെടുന്നതിന്റെയും വാർത്തകൾ നമ്മെ നടുക്കുകയാണ്.
പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ആറു വയസുകാരിയുടെ മാതാപിതാക്കളുടെ കരച്ചിൽ ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. വേദനയോടെ വിളിച്ച സ്ത്രീയെ അപമാനിച്ചതിനെ തുടർന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സനെ പിരിച്ചുവിടേണ്ടി വന്നു.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും പതിറ്റാണ്ടുകളായി കേരളം ആർജ്ജിച്ചെടുത്ത നേട്ടങ്ങളുടെ അഭിമാനം സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്ക് മുന്നിൽ അടിയറവ് വയ്‌ക്കേണ്ടി വരുന്നു എന്നത് ഏറെ ദുഃഖകരമാണ്.
നിയമനിർമാണത്തിന് ഉപരി സ്ത്രീധനത്തിന് എതിരായി ചിന്തിക്കുന്ന ഒരു ജനത ഇവിടെ ഉണ്ടാകണം.
സർവകലാശാലകൾ ബിരുദദാനത്തിന് മുമ്പ് വിദ്യാർത്ഥികളെക്കൊണ്ട്
സ്ത്രീധനമുക്തപ്രതിജ്ഞ ചെയ്യിക്കണം.
ചാൻസലർ കൂടിയായ ഗവർണർക്ക് ഇതിന് കഴിയും. ഗാന്ധിസ്മാരക നിധി ഉൾപ്പെടെ ഗാന്ധിയൻ സംഘടനകൾ നടത്തുന്ന ഉപവാസത്തിനു എല്ലാ പിന്തുണയും അർപ്പിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു .