കൊച്ചി∙ സംസ്ഥാനത്തിന് ഉപകാരപ്പെടുന്നത് എന്തും ചെയ്യാ‍ൻ തയാറെന്നും അതിൽ രാഷ്ട്രീയമില്ലെന്നും മെട്രോമാൻ ഇ.ശ്രീധരൻ. ഹൈസ്പീഡ് – സെമിസ്പീഡ് റെയിൽവേയാണു സംസ്ഥാനത്തിനാവശ്യം. കെ.വി.തോമസുമായുള്ള ചർച്ചയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും ശ്രീധരൻ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.

‘‘മുഖ്യമന്ത്രിയുടെ അനുമതിയോടെയാണു തന്നെ കാണുന്നതെന്നാണു കെ.വി.തോമസ് പറഞ്ഞത്. അദ്ദേഹത്തിനു സെമിസ്പീഡ് റെയിൽവേ സംബന്ധിച്ചു ചെറിയ നോട്ടും കൈമാറിയിരുന്നു. അതു പ്രാഥമിക ആശയം മാത്രമാണ്. ഔദ്യോഗിക ചർച്ചകളൊന്നും സർക്കാർ നടത്തിയിട്ടില്ല. പിന്നീട് ഇക്കാര്യത്തിൽ മറുപടിയും കിട്ടിയിട്ടില്ല.

കെ.റെയിൽ അപ്രായോഗികമാണ്. അതിനു കേന്ദ്രാനുമതി കിട്ടിയിട്ടില്ല. ചെന്നൈ, ബെംഗളൂരു ഹൈസ്പീഡ് പദ്ധതികൾ കേരളത്തിലേക്കും ഭാവിയിൽ എത്താം. അതുകൂടി കണ്ടാകണം പുതിയ പദ്ധതി. മുഖ്യമന്ത്രിയെ ഇതിനായി കാണാൻ തയാറാണ്. വേഗ റെയിൽപാതയാണ് അഭികാമ്യം. അത് ആകാശപാതയോ തുരങ്കപാതയോ ആയാൽ ഭൂമി ഏറ്റെടുക്കുന്നത് കാര്യമായി വേണ്ടിവരില്ല.

ഡൽഹി മെട്രോ, കൊങ്കൺ പാതകകൾ മാതൃകയാക്കി പദ്ധതി നടപ്പാക്കാം. കേന്ദ്ര സഹായം കൂടി കിട്ടിയാൽ വലിയ ബാധ്യത വരില്ല. കേരളത്തിലെ റെയിൽവേകൾ ഇപ്പോൾ തന്നെ മുഴുവൻ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. റോഡിൽ അപകടം കൂടുന്നു. ജനസംഖ്യ വർധിക്കുകയാണ്’’–ശ്രീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *