കണ്ണൂർ : കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ കെ.കെ. രാഗേഷിനെതിരെയുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധവും ആസൂത്രിതമായ രാഷ്ട്രീയ നീക്കവുമാണെന്ന് വ്യക്തമാക്കി പി. ജയരാജൻ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാഗേഷിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് രാഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്നും പാർട്ടിയുടെ പ്രവർത്തനം ഏതെങ്കിലും ഒരു വ്യക്തി കേന്ദ്രീകൃതമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ് പാർട്ടി വളർച്ചയെന്നും, രാഗേഷ് പാർട്ടിയുടെ യഥാർത്ഥ പ്രതിനിധിയും പ്രതീകവുമാണെന്നും ജയരാജൻ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം, കെ.കെ. രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സി.പി.എം കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഇതുവരെ അംഗമാകാത്ത രാഗേഷിനെ നിയമിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകിയെന്നായിരുന്നു വിവരം. എന്നാൽ ഈ നിയമനത്തിനെതിരെ ദേശീയ നേതൃത്വത്തിന് യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ലെന്ന് എം.എ. ബേബി വ്യക്തമാക്കി. മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയ്ക്കാണ് കെ.കെ. രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *