ആഗസ്റ്റ് 14 വിഭജനഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം.സ്വാതന്ത്ര്യ ദിനത്തിന്‍റെ തലേദിവസം ഇത്തരം സന്ദേശം നൽകിയത് പ്രതിഷേധാർഹമാണ്. ജനങ്ങൾക്ക് പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമാണെന്നും എ.കെ ആൻറണി അഭിപ്രായപ്പെട്ടു. പഞ്ചസാരയിൽ പുരട്ടിയാലും പഴയ മുറിവുകൾ ഓർമപ്പെടുത്തുന്നത് നല്ല ഉദ്ദേശ്യത്തോടെയല്ലെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

ഇന്ത്യാ വിഭജനം ചരിത്രത്തിലെ നിർഭാഗ്യകരമായ അധ്യായമാണ്. മുറിവുകൾ ഉണക്കി രാജ്യത്തെ മുഴുവൻ ജനങ്ങളെയും യോജിപ്പിച്ചു കൊണ്ടു പോകാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്. വിഭാഗീയതയും വിദ്വേഷവും വളർത്താൻ അവസരം ഒരുക്കുന്ന സന്ദേശമാണിതെന്നും എ.കെ. ആന്‍റണി പ്രതികരിച്ചു.

സ്വാതന്ത്ര്യദിന ആഘോഷത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യാ വിഭജനം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങൾ പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *