കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരായ പഴയ കേസ് പൊടി തട്ടിയെടുക്കുന്നത് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു. മാറി മാറി വന്ന ഇടത് സര്‍ക്കാര്‍ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താല്‍പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേര്‍ക്കുമറിയാമെന്ന് ചെന്നിത്തല ചൂണ്ടികാട്ടി. ഇത് കൊണ്ടൊന്നും സുധാകരനേയോ കോണ്‍ഗ്രസിനേയോ തളര്‍ത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

താന്‍ ഏകാധിപതിയെന്ന ഹുങ്കിലാണു അദ്ദേഹം തന്റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിര്‍ന്ന നേതാക്കളെ പോലും കരുതല്‍ തടങ്കന്‍ എന്ന പേരില്‍ പോലീസ് പിടിച്ച് കൊണ്ട് പോകുന്നത്. ബ്രിട്ടിഷ് ഭരണ കാലത്തെ പ്പോലും നാണിപ്പിക്കുന്ന അവസ്ഥയില്‍ ആഭ്യന്തര വകുപ്പും പോലീസും തരം താഴ്ന്നിരിക്കുന്നു

ഏകാധിപതികളുടെ അവസ്ഥ പിന്നീട് എന്താണെന്നു നാം കണ്ടതാണു. ഇത് കൊണ്ടൊന്നും സുധാകരനേയോ കോണ്‍ഗ്രസിനേയോ തളര്‍ത്താമെന്ന വ്യാമോഹം മുഖ്യമന്ത്രിക്ക് വേണ്ട. നിങ്ങള്‍ എത്ര കേസുകള്‍ എടുത്താലും കരുതല്‍ തടങ്കലും കള്ളകേസുകള്‍ കെട്ടിച്ചമച്ചാലും ഞങ്ങളെ തളര്‍ത്താമെന്നു കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ 1995ല്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട്. സര്‍ക്കാര്‍ ആവശ്യം പരിഗണിച്ച് ഈ മാസം 25ന് അന്തിമവാദം കേള്‍ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2016ല്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

1995ല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രാപ്രദേശിലെ ഓംഗോളില്‍ വച്ചാണ് ജയരാജനുനേരെ വെടിവെപ്പ് നടന്നത്. കെ സുധാകരന്റെ നിര്‍ദേശപ്രകാരമാണ് അക്രമികള്‍ വധശ്രമം നടത്തിയതെന്നാണ് സിപിഐഎം ആരോപണം. ഇപി ജയരാജനെ കൊല്ലാന്‍ ആളെ അയച്ചത് കെ സുധാകരനാണെന്ന കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായ ബിആര്‍എം ഷഫീര്‍ അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. ‘കെ സുധാകരന്‍ എങ്ങനെയുണ്ടെന്ന് ഇപി ജയരാജനോട് ചോദിച്ചാല്‍ അദ്ദേഹം മുടി ഒന്ന് തടവി തരും. കെ സുധാകരനോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ജയരാജന്‍ പറഞ്ഞു തരും.’ എന്നതായിരുന്നു ഷഫീറിന്റെ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *