ഗര്‍ ഹര്‍ തരംഗ് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് പിടിഎ റഹീം എംഎല്‍എ ദേശീയപതാകയുയര്‍ത്തി. കുന്ദമംഗലം ബിആര്‍സിക്ക് കീഴില്‍ നടത്തിവരുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ഗൃഹാധിഷ്ടിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠിച്ചുവരുന്ന കാരന്തൂരിലെ മുഹമ്മദ് ഷഹല്‍ എന്ന വിദ്യാര്‍ത്ഥിയുടെ വീട്ടുമുറ്റത്താണ് സ്വാതന്ത്ര്യദിന പരിപാടിയോടനുബന്ധിച്ച് പതാകയുയര്‍ത്തിയത്. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷഹല്‍.
കുന്ദമംഗലം ബിആര്‍സിക്ക് കൂഴില്‍ 7 ക്ലസ്റ്ററുകളിലായി 58 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യഭ്യാസം നല്‍കി വരുന്നത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബിആര്‍സി തലത്തില്‍ നടത്തിവരുന്ന വേറിട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാ ഭിന്നശേഷി കുട്ടികളുടെ വീട്ടിലും ദേശീയ പതാക ഉയര്‍ത്തുന്ന പദ്ധതി നടത്തുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, മെമ്പര്‍ ഷൈജ വളപ്പില്‍, കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി ഗിരീഷ്‌കുമാര്‍, ബിആര്‍സി സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരായ ജയശ്രീ പാറോല്‍, കെ.ടി ഷഹീറ, പി അഷ്‌റഫ് ഹാജി എന്നിവര്‍ സംസാരിച്ചു.