കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മിലെത്തിയ കെ.പി.അനില്‍ കുമാറിനെ സ്വാഗതം ചെയ്ത് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.

വെറും സംഘടനാ പ്രശ്‌നം മാത്രം ഉന്നയിച്ചല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതെന്നും രാഷ്ട്രീയപ്രശ്‌നങ്ങള്‍ കൂടി ഉന്നയിച്ചുകൊണ്ടുള്ള നിലപാടാണ് അനില്‍ കുമാര്‍ സ്വീകരിച്ചതെന്നും അത് സ്വാഗതാര്‍ഹമായ നിലപാടാണെന്നും കോടിയേരി പറഞ്ഞു. എ.കെ.ജി സെന്ററില്‍ അനില്‍ കുമാറിനോടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി.പദവി ഒരു ഉപാധികളുമില്ലാതെയാണ് പാര്‍ട്ടിയിലേക്ക് പോകുന്നതെന്ന് കെ.പി അനില്‍ കുമാര്‍ പറഞ്ഞു.
പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തപ്പോള്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് ഒരാളും വിട്ടുപോകില്ലെന്നാണ്. എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസിനകത്ത് ഉരുള്‍പ്പൊട്ടലാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കെപിസിസിയുടെ സംഘടനാ സെക്രട്ടറി തന്നെ രാജിവച്ചതെന്ന് കോടിയേരി പറഞ്ഞു. ഞങ്ങള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു. അര്‍ഹമായ പരിഗണന സിപിഎമ്മിനകത്ത് കിട്ടും.കോണ്‍ഗ്രസിലെ ഏകാധിപത്യപ്രവണത, മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത സമീപനം, ആര്‍എസ്എസിനോടുള്ള മൃദുമീപനം ഇവയെല്ലാമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്, സ്വാഭാവികമായും അത് സ്വാഗതാര്‍ഹമായ സമീപനമാണെന്ന് കോടിയേരി പറഞ്ഞു. കുടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരുംദിവസം സിപിഎമ്മിനകത്ത് എത്തുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്ന് കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസില്‍ നീതി നിഷേധമാണ് നടക്കുന്നത് എന്ന് അറിയിച്ചുകൊണ്ടായിരുന്നു അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു പ്രഖ്യാപനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു അനില്‍ കുമാര്‍.

‘പാര്‍ട്ടിക്കകത്ത് നീതി നിഷേധിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ട്, എന്റെ രക്തത്തിന് വേണ്ടി, എന്റെ തലയറുക്കാന്‍ വേണ്ടി കാത്തിരിക്കുന്ന ആളുകളാണ് എന്നുള്ളതുകൊണ്ട്, പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട്, 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷനും രാജി ഇമെയില്‍ വഴി അയച്ചുകൊടുത്തു,’ അനില്‍കുമാര്‍ പറഞ്ഞു.

അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ കെ.പി അനില്‍കുമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം വാര്‍ത്താസമ്മേളനം നടത്തരുതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ.പി അനില്‍ കുമാറിനോട് പറഞ്ഞു. ഫോണിലൂടെയായിരുന്നു ആവശ്യപ്പെട്ടത്.

പുതിയ കെ.പി.സി.സി നേതൃത്വം പ്രതീക്ഷയോടെയാണ് വന്നത്. പക്ഷെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ കോണ്‍ഗ്രസിനാവുന്നില്ല. ബിജെപി സര്‍ക്കാരിനെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. മോദിക്കെതിരെ ഒരു സമരം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *