മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായ കേസിൽ വീണ്ടും കൂറുമാറ്റം. ഇരുപത്തിയൊമ്പതാം സാക്ഷി സുനിൽകുമാറാണ് കൂറുമാറിയത്. മധുവിനെ വനത്തിൽ നിന്ന് പിടിച്ചു കൊണ്ടുവരുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ നേരത്തേ നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യം കോടതി വിസ്താര വേളയിൽ നിരസിച്ചു. ഇതോടെ കേസിൽ കൂറുമാറുന്നവരുടെ എണ്ണം പതിനഞ്ചായി.
ഇന്നലെ ഇറുപത്തിയേഴാം സാക്ഷി സൈതലവിയും കൂറുമാറിയിരുന്നു. മധുവിനെ അറിയില്ലെന്നായിരുന്നു സൈതലവി കോടതിയിൽ പറഞ്ഞത്. ഇതുവരെ വിസ്തരിച്ചതിൽ ആറു പേർ മാത്രമാണ് പ്രോസിക്യൂഷനൊപ്പം നിന്നത്. കേസിലാകെ 122 സാക്ഷികളാണ് നിലവിൽ ഉള്ളത്.
അതേസമയം, കൂറുമാറിയ സുനിൽകുമാറിന്റെ കണ്ണ് പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വീഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വീഡിയോയിൽ കാഴ്ചക്കാരനായി സുനിൽകുമാറിനെയും കാണാം. എന്നാൽ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകിയത്.