തിരുവന്തപുരത്ത് അച്ഛനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സിപി രജിതയ്ക്കെതിരെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള നടപടിയായി ഇവരെ സ്ഥലം മാറ്റുകയും പരിശീലനത്തിനയക്കുകയും ചെയ്തെന്ന് ഐജി ഹർഷിത അട്ടല്ലൂരി നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ നടപടി ഒന്നും ഉണ്ടായില്ല.
തെറ്റ് സംഭവിച്ചത് മനസ്സിലായിട്ടും മാപ്പ് പറയാത്തതടക്കം ഗുരുതര വീഴ്ചയാണ് ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായത്. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായിട്ടില്ലന്ന് റിപ്പോർട്ടിൽ പറയുന്നു,
കാറിലുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി. നേരത്തെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.
ആറ്റിങ്ങലിലാണ് സംഭവം നടന്നത്. ഐഎസ്ആർഒയുടെ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും.
