കോഴിക്കോട്: പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റില്ലെന്ന് ആവർത്തിച്ച് കൊടുവള്ളി നഗരസഭ. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദേശം നഗരസഭ തള്ളി. കട്ടൗട്ടുകൾ എടുത്തുമാറ്റില്ലെന്നും ഇക്കാര്യത്തിൽ ഭരണസമിതിയും ജനങ്ങളും ഒറ്റക്കെട്ടാണെന്നും പഞ്ചായത്തംഗം എ കെ മജീദ് പറഞ്ഞു.
ഫിഫ ലോകകപ്പിനോടനുബന്ധിച്ചാണ് കോഴിക്കോട് പുള്ളാവൂർ പുഴയിൽ ആരാധകർ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചത്. ആദ്യം മെസ്സിയുടേയും പിന്നാലെ നെയ്മറുടേയും റൊണാൾഡോയുടെയും കട്ടൗട്ടുകളാണ് ആരാധകർ സ്ഥാപിച്ചത്. എന്നാൽ, അനധികൃതമായി പുഴ കയ്യേറുകയും നിർമ്മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്തെത്തി.
കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടിയെടുക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയത്. കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കൊടുവള്ളി നഗരസഭയ്ക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു.
കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുവെന്ന് കാട്ടി ആദ്യം ചാത്തമംഗലം പഞ്ചായത്തിനായിരുന്നു പരാതി നൽകിയത്. എന്നാൽ പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്നും കട്ടൗട്ടുകൾ നീക്കം ചെയ്യില്ലെന്നുമായിരുന്നു കൊടുവള്ളി നഗരസഭയുടെ നിലപാട്. പരാതി ലഭിച്ചാലും ആരാധകർക്ക് അനുകൂലമായേ നിൽക്കൂവെന്നും ഇതുസംബന്ധിച്ച് നിയമപരമായി കാര്യങ്ങൾ ഉണ്ടായാൽ അപ്പോൾ നേരിടുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.
പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ഫിഫ ഔദ്യോഗിക പേജുകളിലടക്കം പങ്കുവെച്ചിരുന്നു.
