ഇന്ന് ശിശുദിനം. കുട്ടികളെ ഏറെ സ്നേഹിച്ച രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 136-ാം ജന്മവാര്‍ഷികദിനമാണ് ഇന്ന്. ഓരോ കുഞ്ഞും രാജ്യത്തിന്റെ അമൂല്യസമ്പത്താണ്. കുട്ടികളുടെ ക്ഷേമം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

‘കുട്ടികള്‍ പൂന്തോട്ടത്തിന്റെ മൊട്ടുകള്‍ പോലെയാണ്. സ്നേഹത്തോടെയും ശ്രദ്ധയോടെയും പരിപാലിക്കുമ്പോള്‍ മാത്രമേ അവര്‍ക്ക് വളര്‍ന്ന് നല്ല വ്യക്തികളാകാന്‍ സാധിക്കുകയുള്ളു.’- ജവഹര്‍ലാല്‍ നെഹ്റുവിന് കുട്ടികളെപ്പറ്റിയുള്ള കാഴ്ചപ്പാട് അതായിരുന്നു.

കുഞ്ഞുങ്ങളുമായി സ്നേഹവാത്സല്യങ്ങള്‍ പങ്കിട്ട നെഹ്റുവിനെ ചാച്ചാജി എന്ന് കുട്ടികള്‍ സ്നേഹത്തോടെ വിളിച്ചു. കുട്ടികള്‍ ഭാവിയുടെ വാഗ്ദാനമാണെന്നും വേര്‍തിരിവുകളില്ലാതെ എല്ലാവരേയും ഒരുപോലെ കാണുന്ന കുട്ടികളുടെ നിഷ്‌കളങ്കതയാകണം ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്നും ജവഹര്‍ലാല്‍ നെഹ്രു എന്നും രാജ്യത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നു.

കുട്ടികളുടെ വ്യക്തി വികാസത്തിന് കുടുംബവും സമൂഹവും ആരോഗ്യകരമായ ചുറ്റുപാടുകള്‍ ഒരുക്കണമെന്നായിരുന്നു ചാച്ചാജിയുടെ പക്ഷം. കുട്ടികളുടെ മൗലികാവകാശങ്ങളെപ്പറ്റി സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതും ബാലവേല, ചൂഷണം, ദാരിദ്ര്യം എന്നിവയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതും ശിശുദിനത്തിന്റെ ലക്ഷ്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *