സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മുന്‍കരുതലിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. അൺ എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകൾക്കും സ്കൂളുകൾ അടക്കുന്നത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എൽസി പാഠ്യഭാഗം ഫെബ്രുവരി ഒന്നിന് പൂർത്തിയാകും. പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനം പൂർത്തിയാകും. എസ്എസ്എൽസി പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ”ഡിജിറ്റല്‍ ക്ലാസിന്റെ ഇപ്പോഴുള്ള സ്ഥിതി അനുസരിച്ച്, എസ്.എസ്.എല്‍.സിയുടെ സിലബസ് ഫെബ്രുവരി ആദ്യത്തെ ആഴ്ച പുതുക്കാനാണ് തീരുമാനം. പ്ലസ് ടു സിലബസും ഫെബ്രുവരിയില്‍ പുതുക്കും,” മന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിന് തിങ്കളാഴ്ച വിദ്യാഭ്യാസ ഉന്നത ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേരും. ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചയ്ക്കുശേഷവും തുടരണോയെന്നത് ഫെബ്രുവരി രണ്ടാംവാരം പരിശോധിക്കും.

കോവിഡ് വ്യാപനത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയുള്ളതായി മന്ത്രി വി. ശിവന്‍കുട്ടി അവലോകനയോഗത്തില്‍ അറിയിച്ചിരുന്നു. ഓണ്‍ലൈനിലേക്ക് മാറുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കുവേണ്ടിയാണ് 21 വരെ നീട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *