വയനാട്: വയനാട് അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. വനം വകുപ്പ് മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടര്‍ന്നത്. ദൗത്യത്തിന്റെ ഭാഗമായി തെര്‍മല്‍ ഡ്രോണ്‍ പറത്തി കടുവയെ നിരീക്ഷിച്ചു വരികയായിരുന്നു. കടുവയെ മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഈ ദൗത്യം തുടരവെയാണ് കടുവയെ കണ്ടെത്തിയിട്ടുള്ളത്.

കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയില്‍ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയ പിടികൂടാനായിരുന്നില്ല. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കൂട്ടിലേക്ക് കടുവയെ കയറ്റാനുള്ള ദൗത്യമാണ് തുടരുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *