നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതിക്കാരി സ്വമേധയാ മകളേയും കൂട്ടി പബ്ബിലെത്തിയതാണെന്നും പ്രതി അഞ്ജലി റീമ ദേവ്. . സെലിബ്രറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്ന അവിടെ പീഡനം നടന്നിട്ടില്ല. ഹോട്ടലുടമ റോയ് വയലാട്ടിനെ തനിക്കറിയില്ലെന്നും അഞ്ജലി റീമ ശബ്ദസന്ദേശത്തില്‍ അവകാശപ്പെട്ടു.

തന്റെ കമ്പനിയിലെ സ്റ്റാഫ് ആയിരുന്ന സ്ത്രീയാണ് തനിക്കെതിരേ ആരോപണമുന്നയിച്ചത്. തന്റെ ജീവിതമാണ് ഇപ്പോള്‍ നശിപ്പിക്കപ്പെടുന്നത്. ഓഫീസിലെ ചെക്ക് ലീഫുകള്‍ കാണാത്തതിനെ തുടര്‍ന്ന് അവരുമായി തര്‍ക്കമുണ്ടായിരുന്നു. തന്റെ ബിസിനസ് ക്ലയന്റ്‌സിനോട് ഇല്ലാത്തത് പലതും സംസാരിച്ച് തന്നെയും കമ്പനിയേയും തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അവരെ പുറത്താക്കി.

വട്ടിപ്പലിശക്കാരിയായ സ്ത്രീയിൽ നിന്ന് പണം കടം വാങ്ങിയതിന് പറഞ്ഞുറപ്പിച്ചതിലധികം പണവും പലിശയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നിരവധി തവണ ഈ സ്ത്രീ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആറ് മാസമെങ്കിലും അകത്തു കിടക്കേണ്ട കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. ഇപ്പോള്‍ മൂന്ന് മാസത്തോളമായി തനിക്കെതിരേ ഭീഷണി തുടങ്ങിയിട്ട്‌. നിന്നെ ഞാന്‍ ഫെയ്മസ് ആക്കി തരാം എന്നൊക്കെയായിരുന്നു ഭീഷണിയെന്നും അഞ്ജലി ആരോപിച്ചു.

കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്ക് പങ്കെടുക്കണമെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് ആ സ്ത്രീ സ്വമേധയാ എത്തുകയായിരുന്നു. മകളും മറ്റ് പെണ്‍കുട്ടികളും കൂടെ ഉണ്ടായിരുന്നു. 38 വയസ്സുള്ള സ്ത്രീയാണ് അവര്‍, യൂട്യൂബും വ്‌ളോഗുമൊക്കെ ആയി ലോകപരിചയമുള്ള ഇവര്‍ പറയുന്നത് അര്‍ധരാത്രിയില്‍ നമ്പര്‍ 18 പോലെയൊരു ഹോട്ടല്‍ പബ്ബില്‍ മീറ്റിങ് ഉണ്ടെന്ന് തെറ്റിദ്ധരിച്ച് പോയതാണെന്നാണ്. തനിക്കെതിരേയുള്ള എല്ലാ കേസുകളും കെട്ടിച്ചമച്ചതാണെന്നും അഞ്ജലി ആവര്‍ത്തിച്ച് അവകാശപ്പെട്ടു.
താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ട് അഞ്ജലി നേരത്തെയും രംഗത്തെത്തിയിരുന്നു. എന്നാല്‍ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടലുടമ റോയ് ജെ വയലാട്ടിനും കോഴിക്കോട് സ്വദേശിനി അഞ്ജലി റിമ ദേവിനുമെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് പറയുന്നത്

കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18ന് ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി നൽകിയത് . ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതിചേര്‍ത്തിട്ടുണ്ട്.

മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത് എന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *