കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവുമായി കുടുംബം. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കുടുംബം പ്രതികരിച്ചു. വിശ്വനാഥന്റെ ശരീരത്തിലുണ്ടായിരുന്ന പാടുകളും മുറിവുകളും മർദ്ദനത്തെ തുടർന്നുണ്ടായതാണ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം വ്യക്തമാക്കി.
സംഭവത്തിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് പൊലീസിന് എസ്‌സി എസ്ടി കമ്മീഷൻ നിർദേശം നൽകിയിരുന്നു. പൊലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു നിർദേശം. പൊലീസ് റിപ്പോർട്ട് പൂർണമായും തള്ളിയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ, അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷൻ ചോദിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പട്ടികജാതി പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും നിർദേശമുണ്ട്.
ബുധനാഴ്ചയായിരുന്നു വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ എത്തിയ വിശ്വനാഥൻ പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്നാരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിന് ശേഷം കാണാതായ വിശ്വനാഥനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്.