എറണാകുളം ചോറ്റാനിക്കരയിൽ പതിനാറുകാരി ആദിത്യ ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ആത്മഹത്യ ചെയ്ത ആദിത്യ പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം പേജിലെ ഫോളോവേഴ്സ് പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ അപ്രത്യക്ഷമായതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഈ അക്കൗണ്ടിന് പിന്നിലെ നിഗൂഢതകൾ കണ്ടെത്താൻ കുട്ടിയുടെ ഫോൺ ശാസ്ത്രീയമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആദിത്യയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഈ അക്കൗണ്ടുകൾ മരിച്ച കുട്ടിയുടേത് മാത്രമല്ല, സഹപാഠികളുടേത് കൂടിയാണെന്നാണ് പ്രാഥമിക നിഗമനം. ഈ അക്കൗണ്ടുകളെല്ലാം ഒരുപോലെ പിന്തുടർന്നിരുന്നത് കൊറിയൻ മോഡലുകളുടെ ചിത്രങ്ങളുള്ള ‘ബ്ലാക്ക് വെനം’ എന്ന പേജിനെയായിരുന്നു. മുപ്പതിലേറെ പേർ പിന്തുടർന്നിരുന്ന ഈ പേജിലെ ഫോളോവേഴ്സ് മരണവിവരത്തിന് പിന്നാലെ കൂട്ടത്തോടെ അൺഫോളോ ചെയ്തത് പോലീസിൽ വലിയ സംശയമുണ്ടാക്കിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ആദിത്യയുടെ കുറിപ്പിലുണ്ടായിരുന്നു. എന്നാൽ ബ്ലാക്ക് വെനം എന്ന പേജ് യഥാർത്ഥത്തിൽ ഒരു കൊറിയൻ വ്യക്തിയുടേതാണോ അതോ കൊറിയൻ ചിത്രങ്ങൾ ഉപയോഗിച്ച് മറ്റാരെങ്കിലും നടത്തുന്ന വ്യാജ അക്കൗണ്ടാണോ എന്നതാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിക്കുകയോ മാനസികമായി സ്വാധീനിക്കുകയോ ചെയ്ത മറ്റാരെങ്കിലും ഈ അക്കൗണ്ടിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വിദേശത്തു നിന്നുള്ള അക്കൗണ്ടാണോ ഇതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സൈബർ സെല്ലിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. ബ്ലാക്ക് വെനം പേജിന്റെ ഉടമയെ കണ്ടെത്താൻ സാധിച്ചാൽ ആദിത്യയുടെ മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സ്കൂളിൽ ഫോൺ ഉപയോഗിച്ചിരുന്നതുമായി ബന്ധപ്പെട്ട് സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കും.
