സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് അപകടകരമായ രീതിയിൽ ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാറിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരും ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ പ്രദേശങ്ങളിൽ യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയതിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ചങ്ങനാശേരിയിൽ വികിരണ തോത് 7 ആണ് രേഖപ്പെടുത്തിയത്. കഠിനമായ വെയിൽ കാരണം തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ, ഫെബ്രുവരി 12 മുതൽ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. പുതിയ നിർദ്ദേശപ്രകാരം പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും.
രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയപരിധിക്കുള്ളിൽ എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തിയതോടൊപ്പം, ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന രീതിയിലും വൈകുന്നേരം 3-ന് ആരംഭിക്കുന്ന രീതിയിലും ഷിഫ്റ്റുകൾ ക്രമീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
