സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രിയെ കണ്ട് പണിമുടക്ക് നോട്ടീസ് നല്‍കി. ചാര്‍ജ് വര്‍ധന ഉടന്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കി. ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം ന്യായമാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ആവശ്യം ന്യായമാണെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ,നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ബസ് ഉടമകൾ കഴിഞ്ഞദിവസം സമരം പ്രഖ്യാപിച്ചത്. മാര്‍ച്ച് 30 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.മിനിമം ചാര്‍ജ് 12 രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ക്കുള്ളത്. നിരക്ക് ഉയര്‍ത്തുന്ന കാര്യം ബജറ്റിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞദിവസം ബസുടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ ആന്റണി രാജു, പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് പറഞ്ഞത്.
