സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ബുധനാഴ്‌ച രാത്രി 11.15ഓടെ ആയിരുന്നു സംഭവം. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഷാർജ-സൂറത്ത് വിമാനത്തിനാണ് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചത്.വിമാനത്തിൽ 160ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. വിമാനത്തിൻ്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലാൻഡിംഗിന് ശേഷം വിമാനം ഏപ്രൺ ഏരിയയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.റൺവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ വിമാനം ഇടിക്കുകയായിരുന്നു. വിമാനത്തിന്‍റെ സർവീസ് നാളെ (മാർച്ച് 16) മുതൽ പുനരാരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. വിമാനത്താവളത്തിൽ സമാന്തര ടാക്‌സി ട്രാക്ക് നിർമാണം പുരോഗമിക്കുകയാണ്.നിർമാണത്തിനായി മണ്ണ് കടത്താൻ ട്രക്കുകൾ ഉപയോഗിക്കുന്നുണ്ട്. നിർമാണ പ്രവർത്തനത്തിനിടെ ഡ്രൈവർ ട്രക്ക് റൺവേയുടെ ഒരു വശത്ത് നിർത്തിയിട്ടതായിരുന്നു. ഇതില്‍ ഇടിച്ചാണ് അപകടമുണ്ടായത്.അശാസ്‌ത്രീയമായ നിർമാണ പ്രവൃത്തികൾ അപകടങ്ങൾക്ക് വഴിവച്ചേക്കുമെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. ടാക്‌സി ട്രാക്ക് നിർമാണത്തിന്‍റെ ഭാഗമായി ഫെബ്രുവരി 27ന് വിമാനം റൺവേയിൽ ഇറക്കാൻ സാധിച്ചിരുന്നില്ല. ഫെബ്രുവരി 28 ന് ഒരു വിമാനം റൺവേയിൽ കുടുങ്ങിയതിനാൽ മറ്റ് രണ്ട് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും അനുവാദം നൽകിയിരുന്നില്ല.ഇതോടെ രണ്ട് വിമാനങ്ങൾക്കും ലാൻഡ് ചെയ്യാനാകാതെ വായുവിൽ വട്ടമിട്ട് പറക്കേണ്ടി വന്നിരുന്നു. അതേസമയം നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഉടനടി പൂർത്തിയാക്കുമെന്നും വിമാനത്താവളം അധികൃതർ അറിയിച്ചു.എന്നാൽ സമാന്തര ടാക്‌സി ട്രാക്കിൻ്റെ പ്രവൃത്തികൾ മന്ദഗതിയിലാണ് നടക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. അഞ്ച് വർഷത്തോളമായി നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 2021 മെയ് മാസത്തിൽ സൂറത്ത് എയർപോർട്ട് ഡയറക്‌ടർ കൺസ്ട്രക്ഷൻ കമ്പനിക്ക് നോട്ടിസ് നൽകിയെങ്കിലും നിർമാണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *