
ലഹരിക്കെതിരെ നാട് ഒന്നിച്ച് പോരാടുമ്പോൾ ലഹരി കെണിയിൽ നിന്ന് ഇതുവരെ രക്ഷപ്പെട്ടു വന്നത് 7369 കുട്ടികൾ. എക്സൈസിന്റെ ചികിത്സാകേന്ദ്രങ്ങളായ വിമുക്തിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
2021 മുതൽ ഈ ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഈ ജനുവരിയിലും ഫെബ്രുവരിയിലുമായി 588 പേരാണ് എത്തിയത്.സ്വകാര്യ ആശുപത്രികളിലും മറ്റു കൗൺസലിംഗ് കേന്ദ്രങ്ങളിലും എത്തുന്ന കുട്ടികളുടെ എണ്ണം ഇതിന്റെ പതിൻമടങ്ങ് വരും.പുതിയ ഇനം ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടിവരികയാണെന്ന് എക്സെെസ് ഉദ്യോഗസ്ഥർ പറയുന്നു. കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ, മെത്താംഫിറ്റമിൻ തുടങ്ങിയവയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.2018 മുതൽ കഴിഞ്ഞ ജനുവരി വരെ വിമുക്തി കേന്ദ്രത്തിൽ 149809 പേരാണ് ചികിത്സ തേടിയത്. 11174 പേരെ കിടത്തിചികിത്സിക്കേണ്ടിവന്നു.
സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ഐ.ടി ജീവനക്കാരും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമാണ് ചികിത്സ തേടുന്നവരിൽ ഏറെയും.എക്സൈസ് വകുപ്പിന്റെ കീഴിൽ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല വിമുക്തി കൗൺസലിംഗ് സെന്ററുകളുമുണ്ട്. ബോധവത്കരണ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കുട്ടികളിലെ ലഹരി ഉപയോഗം ഉദ്യോഗസ്ഥരെ അറിയിക്കാൻ നേർവഴി പദ്ധതിയും നടപ്പിലാക്കുന്നു. 5585 സ്കൂളുകളിലും 890 കോളേജുകളിലും ആന്റി നാർക്കോട്ടിക് ക്ലബ്ബുകൾ രൂപീകരിച്ചു. 1020 നേർക്കൂട്ടം കമ്മിറ്റികളും 512 ശ്രദ്ധ കമ്മിറ്റികളും ഈ വർഷം രൂപീകരിച്ചു.മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അടക്കമുള്ള ജീവനക്കാരുടെ സേവനമാണ് കേന്ദ്രത്തിലുള്ളത്. ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ പരിപാടികളുടെ ഭാഗമായാണ് വിമുക്തി പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. ഇതുവരെ 65 കോടിയോളം രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.ലഹരിയില്‍നിന്ന് മോചനം നേടാന്‍ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിക്കൂ – കൗണ്‍സിലിങ് :14405. വാട്‌സ്ആപ്പ്: 9061178000.