കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാന്‍ഡില്‍. 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തത്. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ആകാശിന് പുറമേ അഭിരാജ്, ആദിത്യന്‍ എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
കളമശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്ന് ഇന്നലെ രാത്രിയാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ 2 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് മുറികളില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.