സ്പോർട്സ്റ്റാറിൻ്റെ ഈ വർഷത്തെ എയ്സസ് അവാർഡിൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഒളിമ്പ്യൻ എം.ഡി. വത്സമ്മയ്ക്ക്. പുരുഷ വിഭാഗത്തിൽ ഈ അവാർഡ് ടെസ്റ്റ് ക്രിക്കറ്റ് താരം നരി കോൺട്രാക്ടർക്കാണ്. സുനിൽ ഗാവസ്ക്കർ ചെയർമാനും വിശ്വനാഥൻ ആനന്ദ്, അഭിനവ് ബിന്ദ്ര, എം.എം.സോമയ്യ , അഞ്ജലി ഭാഗവത് , അപർണ പോപ്പട്ട് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് നിശ്ചയിച്ചത് എന്നത് അവാർഡിൻ്റെ മൂല്യം വ്യക്തമാക്കുന്നു.
യഥാർഥത്തിൽ വത്സമ്മയ്ക്കിത് വൈകി കിട്ടിയ അംഗീകാരമാണിത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിതയാണ് വത്സമ്മ. 1982ൽ ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ ഏഷ്യൻ റെക്കോർഡോടെയാണ് (ഹീറ്റ്സിൽ 58.53 സെക്കൻഡും ഫൈനലിൽ 58.47 സെക്കൻഡും) വത്സമ്മ സ്വർണം നേടിയത്. 1984 ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 4×400 മീറ്റർ റിലേയിൽ ഫൈനലിൽ കടന്ന ഇന്ത്യൻ ടീമിൽ അംഗം. 1986 ൽ സോൾ ഏഷ്യൻ ഗെയിംസിൽ റിലേയിൽ സ്വർണം നേടിയ ടീമിൽ അംഗം.
രാജ്യാന്തര നേട്ടങ്ങളിൽ പി.ടി.ഉഷ ഒരു പടി മുന്നിൽ നിൽക്കുമ്പോഴും ഉഷയ്ക്ക് മുമ്പേ നടന്ന അത്ലിറ്റാണ് എം.ഡി.വത്സമ്മ എന്ന് ഓർക്കണം. ഒളിംപിക്സിൽ ആദ്യം പങ്കെടുത്തത് ഉഷയാണ്. പക്ഷേ, ട്രാക്ക് ആൻഡ് ഫീൽഡിൽ മലയാളി വനിതകളിൽ ട്രെൻഡ് സെറ്റർ വത്സമ്മയാണ്. ന്യൂഡൽഹി ഏഷ്യൻ ഗെയിംസിൽ വത്സമ്മയുടെ സുവർണക്കുതിപ്പ് അത്ലിറ്റിക്സിൽ മലയാളി വനിതകളുടെ മുന്നേറ്റത്തിൻ്റെ തുടക്കമായി. 1970 കളിൽ ടി.സി.യോഹന്നാനും സുരേഷ് ബാബുവും കാഴ്ചവച്ച മികവിൻ്റെ തനിയാവർത്തനം.
പാലക്കാട് മേഴ്സി കോളജ് സ്പോർട്സ് ഹോസ്റ്റലിലെ ആദ്യ ബാച്ച്കാരിയാണ് വത്സമ്മ. പി.ടി.ഉഷ എത്തിയത് ഒരു വർഷം കഴിഞ്ഞും. 1980 ൽ ബെംഗളുരു അന്തർ സംസ്ഥാന മീറ്റിൽ 100 മീ ഹർഡിൽസിലും 400 മീറ്റർ ഫ്ളാറ്റിലും ഹർഡിൽസിലും രണ്ടു റിലേകളിലും സ്വർണം നേടിയ വത്സമ്മ പിന്നീട് എ.കെ.കുട്ടിയുടെ ശിക്ഷണത്തിൽ 400 മീറ്റർ ഹർഡിൽസിൽ ഏഷ്യയിലെ ഏറ്റവും മികച്ച താരമായി വളർന്നു. പി.ടി.ഉഷയും 400 മീറ്റർ ഹർഡിൽസിലേക്ക് തിരിഞ്ഞതോടെ വത്സമ്മ ഉഷയുടെ നിഴലിൽ ആയി. അവർ തമ്മിൽ ആരോഗ്യകരമല്ലാത്ത ചില മത്സരങ്ങൾക്കും നമ്മൾ സാക്ഷികളായി. അതെന്തായാലും വനിതാ അത് ലറ്റികസിൽ കേരളത്തിൻ്റെ അഭിമാനം രാജ്യാന്തര തലത്തിൽ ഉയർത്തിയ ആദ്യ താരം എം.ഡി വൽസമ്മയാണ് എന്നത് കാലം സാക്ഷ്യപ്പെടുത്തിയ സത്യമാണ്.
