കാർഷിക സമൃദ്ധിയുടെ ഭൂതകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല കാലങ്ങളിലേക്കുള്ള കാത്തിരിപ്പ് കൂടിയാണ് ഓരോ വിഷുക്കാലവും. മേട ചൂടിനൊപ്പം ഐശ്വര്യത്തിന്റെയും പുതു പ്രതീക്ഷകളുടെയും സമാധത്തിന്റെയും പുതു വര്‍ഷത്തിന്റെ തുടക്കമാണ് ഓരോ വിഷു പുലരിയും. ഐശ്വര്യത്തിന്റെ കാഴ്ചയൊരുക്കി കൊന്നപ്പൂക്കൾ വിടർന്നുനിൽക്കുന്ന മേടപ്പുലരിയിൽ മലയാളികൾ സമൃദ്ധിയുടെ കണികണ്ടുണർന്നു.
ഓട്ടുരുളി തട്ടില്‍ അഷ്ടമംഗല്യവും കോടിമുണ്ടും വാല്‍ക്കണ്ണാടിയും സമ്പത്തിന്റെ ഒരു രൂപ നാണായവും ഗ്രന്ഥവും കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെള്ളരിയും ചക്കയും മാങ്ങയും മറ്റു ഫലങ്ങളും കണിത്താലത്തിൽ നിറയുന്നു. സ്വർണ്ണവർണ്ണമുള്ള കൊന്നപ്പൂക്കൾ ഹൃദയങ്ങളിൽ വിരിയുന്ന ഈ കണിയൊരുക്കം വരാനിരിക്കുന്ന നല്ല നാളുകളിലേക്കുള്ള വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
കണികണ്ടു കഴിഞ്ഞാൽ പിന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വിഷുക്കൈനീട്ടത്തിനായാണ്. കുടുംബത്തിലെ മുതിര്‍ന്നവര്‍ നൽകുന്ന ഈ കൈനീട്ടം ഒരു വർഷത്തെ മുഴുവൻ സമ്പൽ സമൃദ്ധിയുടെയും നല്ല തുടക്കമാകുമെന്നാണ് വിശ്വാസം. മീനച്ചൂടിനെ വകഞ്ഞുമാറ്റി രാവും പകലും ഒന്നാകുന്ന മേടപ്പുലരി എത്തുമ്പോൾ, പുതിയ പ്രതീക്ഷകളാണ് ഓരോ വിഷുവും നമ്മുക്ക് സമ്മാനിക്കുന്നത്.
എല്ലാ വായനക്കാർക്കും ജനശബ്ദത്തിന്റെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുദിന ആശംസകൾ
