കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് സർവ്വീസ് വെള്ളിയാഴ്ച ആരംഭിക്കുന്നതോടെ മെയ് 22 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ നിന്നും ഹജ്ജ് വിമാനങ്ങൾ സർവ്വീസ് നടത്തും. കൊച്ചിയിൽ നിന്നും ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5.55 ന് പുറപ്പെടുന്ന എസ്. വി 3067 നമ്പർ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളും ഇതേ ദിവസം രാത്രി 8.20 ന് പുറപ്പെടുന്ന രണ്ടമാത്തെ വിമാനത്തിൽ 146 പുരുഷന്മാരും 140 സ്ത്രീകളും പുറപ്പെടും. ശനിയാഴ്ച പുറപ്പെടുന്ന വിമാനത്തിൽ പൂർണ്ണമായും വനിതാ തീർത്ഥാടകരാണ് യാത്രയാവുക. ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാത്രി 7 മണിക്ക് ബഹു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിക്കും.
വെള്ളിയാഴ്ച കോഴിക്കോട് നിന്നും രണ്ട്, കണ്ണൂരിൽ നിന്നും ഒന്ന് വീതം വിമാനങ്ങളാണ് സർവ്വീസ് നടത്തുക. കോഴിക്കോട് നിന്നും പുലർച്ചെ 12.45 ന് പുറപ്പെടുന്ന വിമാനത്തിൽ 86 പുരുഷന്മാരും 85 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തിൽ 82 പുരുഷന്മാരും 91 സ്ത്രീകളും പുറപ്പെടും. കണ്ണൂരിൽ നിന്നും വൈകുന്നേരം 4.30 ന് പുറപ്പെടുന്ന വിമാനത്തിൽ 167 തീർത്ഥാടരാണ് യാത്രയാവുക.

കോഴിക്കോട് നിന്നും ഇത് വരെ 14 വിമാനങ്ങളിലായി 2415, കണ്ണൂരിൽ നിന്നും 8 വിമാനങ്ങളിലായി 1363 തീർത്ഥാടകരും വിശുദ്ധ മക്കയിലെത്തി. തീർത്ഥാടകർക്ക് ജിദ്ധ എയർപോർട്ടിലും മക്കയിലും വിവിധ മലയാളി സന്നദ്ധ സംഘടനകളുടെ നേൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകുന്നത്. ഈത്തപ്പഴം, മുസ്വല്ല എന്നിവ നൽകിയാണ് തീർത്ഥാടകരെ വരവേൽക്കുന്നത്. മക്കയിലെ താമസ സ്ഥലത്ത് എത്തിയ തീർത്ഥാടകർ സംഘങ്ങളായി എസ്.എച്ച്.ഐ മാരുടെ നേതൃത്തത്തിൽ ഉംറ കർമ്മം നിർവ്വഹിക്കുന്നതിനായി പുറപ്പെടുന്നുണ്ട്.വ്യാഴാഴ്ച കരിപ്പൂരിൽ നിന്നും മൂന്ന് വിമാനങ്ങളാണ് ഹാജിമാർക്കായി സർവ്വീസ് നടത്തുക. പുലർച്ചെ 12.30 നും രാവിലെ 7.40 നും വൈകുന്നേരം 4.5 നുമാണ് വിമാനങ്ങൾ പുറപ്പെടുക. മൂന്ന് വിമാനങ്ങളിലായി 519 പേർ യാത്രതിരിക്കും. കണ്ണൂരിൽ നിന്നും പുലർച്ചെ 3.55 നും രാത്രി 7.25 നുമാണ് സർവ്വീസ്.

കരിപ്പൂരിൽ ഇന്ന് ബുധനാഴ്ച മൂന്ന് വിമാനങ്ങൾ സർവ്വീസ് നടത്തി. വിവിധ സംഘങ്ങൾക്കുള്ള യാത്രയയപ്പ് സംഗമങ്ങളിൽ എം.എൽ.എമാരായ രമേശ് ചെന്നിത്തല, അഡ്വ. പി.ടി.എ റഹീം, ടി.വി ഇബ്റാഹീം എന്നിവരും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു, തീർത്ഥാടകർക്ക് യാത്രാ മംഗളങ്ങൾ നേർന്നു.ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് സെൽ സ്പെഷ്യ ഓഫീസർ യു.അബ്ദുൽ കരീം ഐ.പി.എസ്, അസി.സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, യുസുഫ് പടനിലം, അബ്ദു റഹ്മാൻ സഖാഫി ഊരകം, അബ്ദു റഊഫ് ബാഖവി കരിപ്പൂർ തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *