ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയ 25 വിദേശ പൗരന്മാരെ ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ നിന്നായി പോലീസ് പിടികൂടി. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ശേഷം വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. വോട്ട് രേഖപ്പെടുത്തിയ ശേഷം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ ഇമിഗ്രേഷൻ വിഭാഗം പാസ്‌പോർട്ട് പരിശോധിക്കുമ്പോൾ വിരലിലെ മായാത്ത മഷി ശ്രദ്ധയിൽപ്പെട്ടതാണ് ഇവരെ കുടുക്കിയത്. പിടിയിലായവരിൽ ചിലർ ശ്രീലങ്കൻ പൗരന്മാരാണെന്നും സൂചനയുണ്ട്.

വിദേശ പാസ്‌പോർട്ട് കൈവശമുള്ള ഇവർ കഴിഞ്ഞ ഏപ്രിൽ 23-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് 15 പേരും മധുരയിൽ നിന്ന് രണ്ടുപേരും ഉൾപ്പെടെയുള്ളവരെ തുടർനടപടികൾക്കായി തമിഴ്‌നാട്, പുതുച്ചേരി ക്രൈംബ്രാഞ്ച് വിഭാഗങ്ങൾക്ക് കൈമാറി. ജനപ്രാതിനിധ്യ നിയമപ്രകാരവും ക്രിമിനൽ വകുപ്പുകൾ പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ പ്രതികൾ ജാമ്യത്തിലാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ കർശന പുനഃപരിശോധന നടത്തിയിട്ടും വിദേശ പൗരന്മാർക്ക് വോട്ട് ചെയ്യാൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കണക്കാക്കുന്നത്. ഇവർ എങ്ങനെ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി എന്നതിനെക്കുറിച്ച് കേന്ദ്ര ക്രൈംബ്രാഞ്ചും ഇമിഗ്രേഷൻ വിഭാഗവും സംയുക്ത അന്വേഷണം ആരംഭിച്ചു. രാജ്യത്തെ പൗരത്വ നിയമങ്ങളുടെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും ലംഘനമെന്ന നിലയിൽ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *