കാസർകോട്: നടന്നു പോവുകയായിരുന്ന ആളെ തെരുവുനായ കടിച്ചു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി ഗണേശന്റെ (45)കാലിനാണ് നായ കടിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കാസർകോട് നഗരത്തിൽ വച്ചാണ് സംഭവം. ഇയാളെ തെരുവുനായ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഗണേശൻ ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൂല് വില്പനയുമായി ബന്ധപ്പെട്ട് കാസർകോട് എത്തിയതായിരുന്നു ഗണേശൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കാസർകോട് ജില്ലയിൽ തെരുവ് നായയുടെ ശല്യം വർദ്ധിച്ചു വരികയാണ്. ജില്ല ആസ്ഥാനത്ത് ഉൾപ്പെടെ ബസ് സ്റ്റാൻഡുകളിൽ നായ ശല്യം രൂക്ഷമാണ്. ഇടവഴികൾ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണെന്ന ആക്ഷേപം സജീവമാണ്.
