തൃശൂര്‍: മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കരുണാകരന്റെ വസതിയായിരുന്ന തൃശൂരിലെ ‘മുരളീ മന്ദിര’ത്തില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. വീട്ടിലെത്തിയ സുരേഷ് ഗോപിയെ പദ്മജ സ്വീകരിച്ചു. തൃശൂരിലെ ബിജെപി ജില്ലാ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
സന്ദര്‍ശനത്തിനു രാഷ്ട്രീയ മാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ‘ലീഡര്‍ കരുണാകരനെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പിതാവായാണ് ഞാന്‍ കാണുന്നത്. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ. അദ്ദേഹത്തിന്റെ മുന്‍ഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ എന്റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണ്’.
അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോട് അതുകൊണ്ടു തന്നെ ചെറിയ ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രന്‍ എന്നു തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വാക്ക്. അതിനു മര്യാദയായാണ് രാഷ്ട്രീയമില്ലാതെ തന്നെ ഇവിടെ എത്തിയത്. അതിനുള്ള ചോദ്യങ്ങളൊന്നുമില്ല, അതിനുള്ള ഉത്തരങ്ങളും എന്റെ കയ്യില്‍ ഇല്ല” സുരേഷ് ഗോപി പറഞ്ഞു.