തിരുവനന്തപുരം: എന്‍.ഡി.എ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാട്ടാന്‍ പിണറായിക്ക് മാത്രമെ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍.ഡി.എഫിലും മന്ത്രിസഭയിലും ജെ.ഡി.എസ് തുടരുന്നത് ഏത് സാഹചര്യത്തിലെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണം. എച്ച്.ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിയായത് സി.പി.എമ്മിന്റെ മൗനാനുവാദത്തോടെ ആണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജെ.ഡി.എസ് എന്‍.ഡി.എയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെ.ഡി.എസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.
സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയാണ് എച്ച്.ഡി. കുമാരസ്വാമി എന്‍.ഡി.എ പാളയത്തില്‍ നിന്നും കേന്ദ്ര മന്ത്രിയായത്. എന്‍.ഡി.എ ഘടകകക്ഷിയെ ഒക്കത്തിരുത്തി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും മോദി വിരുദ്ധത പഠിപ്പിക്കേണ്ടെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.
അധാര്‍മികമായ രാഷ്ട്രീയനീക്കത്തെ മുന്നണിയിലെ മറ്റൊരു ഘടകകക്ഷി കടുത്ത ഭാക്ഷയില്‍ വിമര്‍ശിച്ചിട്ടും മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതൃത്വവും മൗനം തുടരുന്നത് ദുരൂഹമാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.എസ് ഏത് സാഹചര്യത്തിലാണ് എല്‍.ഡി.എഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന, ദേശീയ നേതൃത്വങ്ങളും തയാറാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.