ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് എതിർപ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും.
കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗുകൾ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
