ആര്‍എസ്എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും താരതമ്യപ്പെടുത്തി ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ പ്രസ്താവന വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരസംഘത്തെക്കുറിച്ചു വിശദീകരിക്കുന്നതിനിടയിലാണ് പട്നയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മാനവ്ജിത് സിംഗ് ധില്ലനാണ് വിവാദ പരാമര്‍ശം നടത്തിയത്.

സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും ആര്‍എസ്എസിനെയും താരതമ്യപ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.
സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ മാനവ്ജിത് സിംഗ് ധില്ലനോട് ആവശ്യപ്പെട്ട് ബിഹാര്‍ ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

”ആര്‍എസ്എസ് ശാഖകളില്‍ ലാത്തി ഉപയോഗിക്കുന്നതിനു പ്രത്യേകം പരിശീലനം നല്‍കുന്നതുപോലെ, കായിക വിദ്യാഭ്യാസത്തിനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് അവരുടെ കേന്ദ്രങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിച്ച് അവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണ്’ -ഇതായിരുന്നു പറ്റ്ന സീനിയര്‍ എസ്പി മാനവ്ജീത് സിങ് ധില്ലന്റെ പരാമര്‍ശം. പ്രതികള്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു വിശദീകരിക്കുന്നതിനിടെതയാണ് ധില്ലന്‍ ഈ പരാമര്‍ശം നടത്തിയത്.

പോപ്പുലര്‍ഫ്രണ്ടിന്റെ വിദ്വേഷ പ്രചാരണങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മാനവ്ജീത് സിംഗ് ധില്ലാന്‍ പ്രസ്താവന നടത്തിയത്. രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ബിഹാര്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ അറസ്റ്റിന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി യാതൊരു ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു അറസ്റ്റ്. ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *