തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട് ‘സേഫ് കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്‌ട്രയും. മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച സംസ്ഥാനത്ത് എത്തി. കെൽട്രോൺ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂർത്തി, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് തിരുവനന്തപുരത്തുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ച് പദ്ധതിയുടെ സാങ്കേതികവശങ്ങൾ മനസ്സിലാക്കി.
മഹാരാഷ്‌ട്രയിലെ വിവിധ നഗരങ്ങളിൽ എഐ കാമറ സ്ഥാപിക്കാൻ ആലോചിക്കുന്നതായും ട്രാൻസ്‌പോർട്ട് കമീഷണർ അറിയിച്ചു. പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റോഡപകടങ്ങൾ കുറഞ്ഞതാണ് മഹാരാഷ്‌ട്ര ഗതാഗതവകുപ്പിനെ ആകർഷിച്ചത്. കേരളത്തിൽ റോഡ് സുരക്ഷാ സംവിധാനങ്ങളെ മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ അഭിനന്ദിച്ചു. സേഫ് കേരള പദ്ധതി വിജയിച്ചതോടെ രാജ്യത്തുടനീളം സമാനമായ പദ്ധതി നടപ്പാക്കാനുള്ള അവസരങ്ങൾ കെൽട്രോണിനെ തേടിയെത്തുകയാണ്. ജൂണിൽ കർണാടകത്തിൽനിന്നും ജൂലൈയിൽ തമിഴ്നാട്ടിൽനിന്നുമുള്ള ഉദ്യോഗസ്ഥസംഘവും സംസ്ഥാനത്ത് എത്തിയിരുന്നു.