കാരവന് ടൂറിസം പദ്ധതി പ്രഖ്യാപിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ പുതിയ ടൂറിസം ഉത്പന്നമായാണ് മന്ത്രി കാരവന് ടൂറിസം നയം പ്രഖ്യാപിച്ചത്.രണ്ടു പേര്ക്കും നാലു പേര്ക്കും സഞ്ചരിക്കാന് സൗകര്യമുള്ള വാഹനങ്ങള് ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന് ടൂറിസം ആവിഷ്കരിച്ചിരിക്കുന്നത്.
”നവീനമായ ഒരു ടൂറിസം ഉത്പന്നം അവതരിപ്പിക്കുന്നതിനുള്ള ഒരു പോളിസിയാണ് കാരവന് ടൂറിസം നയം. എണ്പതുകളുടെ ഒടുവില് കേരളത്തില് ഉയര്ന്നുവന്ന ടൂറിസം ഉത്പന്നമാണ് കെട്ടുവെള്ളം. ഇന്നും കേരളത്തിന്റെ പ്രധാന ആകര്ഷകത്വമായി ഹൗസ് ബോട്ട് തുടരുന്നു.
അതുപോലെ നവീനമായ ഒരു ടൂറിസം ഉത്പന്നം കൊണ്ടുവരേണ്ടത് മാറിയ സാഹചര്യത്തില് അത്യന്താപേക്ഷിതമാണ്. കാലോചിതമായതും എന്നാല് കേരളത്തിന്റെ പ്രത്യേകതകളും മനോഹാരിതയും മനസിലാക്കുന്ന വിധത്തിലുള്ളതാകണമെന്നതിന്റെ ചിന്തയില് നിന്നാണ് കാരവന് ടൂറിസം മനസില് വരുന്നത്,” മുഹമ്മദ് റിയാസ് പറഞ്ഞു.
ഇന്റര്നെറ്റ് ഉള്പ്പെടെയുള്ള സൗകര്യങ്ങള് കാരവനില് സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന് പാര്ക്കുകള് സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില് കാരവന് ടൂറിസത്തിന്റെ സാധ്യത വലുതാണെന്ന് മന്ത്രി വ്യക്തമാക്കി.
