പാലക്കാട്: അട്ടപ്പാടി മധുവിനെ കൊലപ്പെടുത്തിയ കേസിൽ കൂറുമാറിയ സാക്ഷിയെ വീണ്ടും വിസ്തരിച്ചു. കേസിലെ 29ാം സാക്ഷി സുനിൽകുമാറിനെയാണ് ഇന്ന് വീണ്ടും വിസ്തരിച്ചത്. അതേസമയം സാക്ഷികളുടെ കൂറുമാറ്റം വീണ്ടും തുടരുന്നു. മുപ്പത്തി രണ്ടാമത്തെ സാക്ഷിയായ മനാഫ് ഇന്ന് കൂറുമാറി.
വിചാരണക്കോടതി വീണ്ടും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ആദ്യം നിഷേധിച്ച സുനിൽ കുമാർ ദൃശ്യങ്ങളിലുള്ളത് താനാണെന്ന് പിന്നീട് സമ്മതിച്ചു. സുനിൽ കുമാറിന്റെ കാഴ്ചശക്തി കോടതി ഇന്നലെ പരിശോധിപ്പിച്ചിരുന്നു. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യത്തിൽ കാഴ്ചക്കാരനായി ഉണ്ടായിട്ടും ഒന്നും കാണുന്നില്ലെന്ന് ആവർത്തിച്ചതോടെയാണ് കാഴ്ച പരിശോധിക്കാൻ കോടതി പൊലീസിന് നിർദ്ദേശം നൽകിയത്. പരിശോധനയിൽ ഇയാൾക്ക് കാഴ്ച്ചാ പരിമിതിയില്ലെന്ന് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും വിസ്തരിക്കാൻ ഉത്തരവിട്ടത്.