കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങിയ നിർവാഹകസമിതി അംഗം ശരത്ചന്ദ്രപ്രസാദിനെ അനുനയിപ്പിച്ച് ചെന്നിത്തല. സുധാകരന്‍റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമർഷം മൂലമാണ് ശരത് പത്രിക നൽകാനൊരുങ്ങിയത്. ജനറൽ ബോഡി യോഗത്തിന് മുമ്പ് നേതാക്കൾ അനുനയിപ്പിച്ചതോടെ ശരത് പിന്മാറി. പിന്നാലെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു. ഒരുവട്ടം കൂടി കെ സുധാകരന്‍ അദ്ധ്യക്ഷ പദവിയില്‍ തുടരാനാണ് സാധ്യത. പക്ഷെ ഭാരവാഹികളില്‍ മാറ്റം ഉണ്ടാകും. ഈ കാര്യത്തില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ നേരത്തെ ധാരണയായിട്ടുണ്ട്. 285 കെപിസിസി അംഗങ്ങളില്‍ 253 പേര്‍ പങ്കെടുത്ത യോഗത്തിലാണ് അദ്ധ്യക്ഷന്‍ ഉള്‍പ്പെടെ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനുള്ള പൂര്‍ണാധികാരം ഹൈക്കമാന്‍ഡിന് നല്‍കാന്‍ തീരുമാനിച്ചത്.
കെ സി വേണുഗോപാല്‍ വിഭാഗവും എ-ഐ ഗ്രൂപ്പുകളും സുധാകരന്‍ തുടരാന്‍ ധാരണയിലെത്തുകയായിരുന്നു. കെ.പി.സി.സി ഭാരവാഹികളുടേയും എ.ഐ.സി.സി അംഗങ്ങളുടേയും കാര്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.കെ സുധാകരന്‍റെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തുള്ള തീരുമാനം ദില്ലിയിൽ നിന്നും വൈകാതെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *