പ്രധാന മന്ത്രി പദത്തിലേക്ക് തന്നെ പിന്തുണക്കാൻ പ്രതിപക്ഷം ഒരുക്കമായിരുന്നെന്നും പ്രതിപക്ഷത്തിൽ നിന്നും ഒരു നേതാവ് ഈ ആവശ്യമുന്നയിച്ച് കൊണ്ട് തന്നെ സമീപിച്ചിരുന്നു എന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.. എന്നാൽ അത്തരത്തിലുള്ള ആ​ഗ്രഹങ്ങൾ തനിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ വാ​ഗ്ദാനം നിരസിച്ചെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.
അതെ സമയം, പ്രതിപക്ഷത്ത് നിന്ന് തന്നെ സമീപിച്ച നേതാവിന്റെ പേരും എപ്പോഴാണ് പ്രതിപക്ഷം തനിക്ക് ഇത്തരത്തിലൊരു വാ​ഗ്ദാനം നൽകിയതെന്നും മന്ത്രി വ്യക്തമാക്കിയിട്ടില്ല. നാ​ഗ്പൂരിൽ നടന്ന പരിപാടിയിലാണ് ഇക്കാര്യം നിതിൻ ​ഗഡ്കരി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയാകുന്നത് തൻ്റെ ജീവിതത്തിലെ ലക്ഷ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“നിങ്ങൾ എന്തിന് എന്നെ പിന്തുണയ്ക്കണം, എന്തിന് നിങ്ങളുടെ പിന്തുണ ഞാൻ സ്വീകരിക്കണം എന്ന് ഞാൻ ചോദിച്ചു, പ്രധാനമന്ത്രിയാകുക എന്നത് എൻ്റെ ജീവിതലക്ഷ്യമല്ല. ഞാൻ എൻ്റെ ബോധ്യങ്ങളോടും എൻ്റെ സംഘടനയോടും വിശ്വസ്തനാണ്, ഒരു സ്ഥാനത്തിനും ഞാൻ വിട്ടുവീഴ്ച ചെയ്യാൻ പോകുന്നില്ല. കാരണം എൻ്റെ ബോധ്യങ്ങളാണ് എനിക്ക് ഏറ്റവും പ്രധാനം,” എന്നായിരുന്നു തന്നെ സമീപിച്ച നേതാവിനോട് നിതിൻ ​ഗഡ്കരി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *