തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം ഓര്‍മ്മിപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്തും ഓണാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെയെന്ന് മുണ്ടക്കൈ ദുരന്തം ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓണാശംസ
ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുന്‍പെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെ കുറിച്ചുള്ള ഹൃദ്യമായ ഓര്‍മ്മകള്‍ സഹവര്‍ത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊര്‍ജ്ജമാണ് നല്‍കുന്നത്.
ഇത്തവണ ഓണമെത്തുന്നത് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തിലാണ്. ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ തിരികെ പിടിക്കാനും അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള ഒരു വലിയ പരിശ്രമത്തിലാണ് നാമിപ്പോള്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതായിരിക്കട്ടെ. ഭേദചിന്തകള്‍ക്കതീതമായ മനുഷ്യ മനസ്സുകളുടെ ഒരുമ ഉയര്‍ത്തിപ്പിടിക്കാന്‍ ‘മാനുഷരെല്ലാരും ഒന്നു പോലെ’ എന്ന് പഠിപ്പിക്കുന്ന ഓണ സങ്കല്‍പ്പം പ്രചോദനമാവട്ടെ!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തുകൊണ്ട് ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാവാം. അങ്ങനെ നമ്മുടെ ഓണാഘോഷങ്ങളെ അര്‍ത്ഥവത്താക്കാം.
എല്ലാവര്‍ക്കും ഓണാശംസകള്‍!