കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവ് ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ടോമിൻ ജെ. തച്ചങ്കരിയുടെ ഇടക്കാലാവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷ മരവിപ്പിച്ചതുവഴി അദ്ദേഹത്തിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും.

ഔദ്യോഗിക പദവിയിലിരിക്കെ 2003 മുതൽ 2007 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ നാല് വർഷത്തെ തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. താൻ സ്വത്ത് സമ്പാദിച്ചത് അമ്മ വഴി ലഭിച്ച പണം ഉപയോഗിച്ചാണെന്നും എന്നാൽ ഈ വാദം വിജിലൻസ് കോടതി പരിഗണിച്ചില്ലെന്നുമാണ് ടോമിൻ ജെ. തച്ചങ്കരി അപ്പീലിൽ വ്യക്തമാക്കിയത്. 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ ഈ നിർണായക വിധി പുറത്തുവരുന്നത്.

കേസിന്റെ അന്വേഷണ ഘട്ടത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 64.70 ലക്ഷം രൂപയുടെ അധിക ചെലവ് കണ്ടെത്തിയിരുന്നെങ്കിലും ഇതിന്റെ വരവ് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ആഭ്യന്തര വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂഷൻ സാക്ഷികളാക്കിയും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ഇൻകം ടാക്സ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളാക്കിയും കേസിൽ വിസ്താരം നടത്തിയിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസ് പിന്നീട് വിചാരണയ്ക്കായി കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *