ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് മതം മാറിയ വ്യക്തികൾക്ക്, അവരുടെ പൂർവ്വ സമുദായ പദവിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി പൂർണ്ണമായി ശരിവെച്ചു. മതംമാറ്റത്തിന് ശേഷവും പഴയ ജാതി പദവി ഉന്നയിച്ച് സംവരണം ആവശ്യപ്പെടാനാവില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.
ചില പിന്നാക്ക സമുദായങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറുന്നവർക്ക് ബിസിഎം സമുദായ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊണ്ട് തമിഴ്നാട് സർക്കാർ 2024-ൽ പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ചന്ദ്രശേഖർ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ നിർണായക വിധി.
നോൺ-ഹിന്ദു സാമൂഹിക വ്യവസ്ഥയിലേക്ക് മാറുന്നവർക്ക് പഴയ സാമൂഹിക പിന്നാക്കാവസ്ഥയുടെ പേരിൽ മാത്രം ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം അല്ലെങ്കിൽ ക്രിസ്തുമതം പോലുള്ള മറ്റ് മതങ്ങളിലേക്ക് മാറുന്നത് കൊണ്ടുമാത്രം ആ മതത്തിലെ പ്രത്യേക പിന്നാക്ക സമുദായത്തിലെ അംഗത്വം സ്വയം ലഭിക്കില്ലെന്നും വിധിയിൽ പറയുന്നു. 1950-ലെ ഭരണഘടനാ ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽ ഉള്ളവർക്ക് മാത്രമേ പട്ടികജാതി പദവി നൽകാൻ സാധിക്കൂ എന്നും, മറ്റ് മതങ്ങളിലേക്ക് മാറുന്നതോടെ ഈ പദവിയും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
