തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലോകോത്തര നിലവാരത്തിലുള്ള പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി.രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്.

അത്യാഹിത വിഭാഗത്തിൽ കാലങ്ങളായി നടന്നു വരുന്ന ചികിത്സാ സംവിധാനങ്ങളെ മാറ്റി മറിച്ചുകൊണ്ട് രോഗികൾക്ക് ആശുപത്രിയിലെത്തുന്ന നിമിഷം മുതൽ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള നൂതനമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. വിവിധ വിഭാഗങ്ങളിലേയ്ക്ക് രോഗിയെയും കൊണ്ട് മാറി മാറി ട്രോളി ഉന്തേണ്ടി വരുന്ന അവസ്ഥയ്ക്കും അവസാനമായിരിക്കുകയാണ്. വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള റെഡ് സോൺ വിഭാഗത്തിലേയ്ക്കാണ് അത്യാസന്ന നിലയിലെത്തുന്ന രോഗിയെ ആദ്യം മാറ്റുക. രോഗിയുടെ ജീവൻ നിലനിർത്താനുള്ള ചികിത്സയാണ് അവിടെ നൽകുന്നത്. അപകടാവസ്ഥ തരണം ചെയ്ത ശേഷം തുടർന്നുള്ള ചികിത്സയ്ക്ക് യെല്ലോ സോൺ, ഗ്രീൻ സോൺ തുടങ്ങിയ മറ്റു വിഭാഗങ്ങളിലേയ്ക്ക് രോഗിയെ മാറ്റും. റെഡ് സോണിൽ പന്ത്രണ്ടും യെല്ലോ സോണിൽ 40 രോഗികളെയും ഒരേ സമയം ചികിത്സിക്കാനാവും.

ഇതോടൊപ്പമുള്ള മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ ഏഴു കിടക്കകളും സർജിക്കൽ വിഭാഗത്തിൽ ഒൻപത് കിടക്കകളുമുണ്ട്. അതേ നിലയിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഓപ്പറേഷൻ തിയേറ്ററും ഡിജിറ്റൽ എക്സ്റേയും സജ്ജീകരിച്ചിട്ടുണ്ട്. അൾട്രാസൗണ്ട് സ്കാനറുകളും ഡോപ്ളർ സംവിധാനവും മൂന്നു സിടി സ്കാനറുകളും എം ആർ ഐ സ്കാനും തൊട്ടു താഴെയുള്ള നിലയിലും സജ്ജീകരിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സ്ട്രോക്ക് യൂണിറ്റ് കൂടി പൂർത്തിയാകുന്നതോടെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ഐസിയു, വാർഡുകൾ, ആൻജിയോഗ്രാം എന്നിവയും സ്ട്രോക്ക് യൂണിറ്റിലുണ്ട്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്

എയിംസ് മാതൃകയിലുള്ള പുതിയ അഎമർജൻസി മെഡിസിൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *