കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മാനേജര്‍ എം പി റിജില്‍ തട്ടിപ്പ് നടത്തിയത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് മൊഴി. ബാങ്ക് വായ്പയെടുത്ത് നടത്തിയ ഓഹരിവ്യാപാരം നഷ്ടത്തിലായതാണ് ബാങ്കിലെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിജില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഏഴ് ലക്ഷം രൂപ ഐസിഐസിഐ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്താണ് ഓഹരി വ്യാപാരം തുടങ്ങിയത്. അതിലെ നഷ്ടം നികത്താന്‍ ഹോംലോണെടുത്ത് 40 ലക്ഷം രൂപ വീണ്ടും നിക്ഷേപിച്ചു. ലോണെടുത്ത പണം നഷ്ടപ്പെട്ടതോടെ കടം വാങ്ങുകയായിരുന്നു. കടം വാങ്ങല്‍ പരിധി കടന്നതോടെയാണ് കോര്‍പറേഷനിലെ അക്കൗണ്ടില്‍ നിന്നും പണം തിരിമറി നടത്തിയതെന്നും മൊഴിയിലുണ്ട്.

നിലവില്‍ നാലുലക്ഷം രൂപയാണ് റിജിലിന്റെ അക്കൗണ്ടിലുള്ളത്. കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപയുടെ തട്ടിപ്പായിരുന്നു ബാങ്ക് ജീവനക്കാരനായ റിജില്‍ നടത്തിയത്. ഇന്നലെയാണ് ഇയാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിലൂടെ നഷ്ടമായ തുക പഞ്ചാബ് നാഷണല്‍ ബാങ്ക് തിരികെ നല്‍കി. 10.7 കോടി രൂപയാണ് ബാങ്ക് നഗരസഭയ്ക്ക് തിരികെ നല്‍കിയത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. 2.53 കോടി രൂപ നേരത്തെ ബാങ്ക് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *