കോഴിക്കോട് : ജലപരിപാലനത്തിന്റെ സമസ്ഥ മേഖലകളിലെയും ഗവേഷണ വികസനാവശ്യങ്ങൾ നിറവേറ്റുന്ന ഗവേഷണ സ്ഥാപനമായ കുന്നമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് (സി.ഡബ്ലു.ആർ.ഡി.എം) മികവിന്റെ അംഗീകാരമായ ഐ എസ്. ഒ 9001-2015 സർട്ടിഫിക്കേഷൻ ലഭിച്ചു. 1978-ൽ കേരള സർക്കാരിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി പ്രവർത്തനം തുടർന്നു വരുന്നു. സർക്കാർ സ്ഥാപനങ്ങൾക്ക് ഐ.എസ് ഒ അംഗീകാരം ലഭിക്കുന്നത് അപൂർവ്വമാണ്. കോഴിക്കോടിലെ കേരളസർക്കാർ സ്ഥാപനങ്ങളിൽ വെച്ചും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനങ്ങളിലും ഈ അംഗീകാരം ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് സി.ഡബ്ലു.ആർ.ഡി.എം. കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ജല ശാസ്ത്ര പഠനങ്ങളും ജല പരിപാലന രീതികളും ആവിഷ്ക്കരിക്കുന്നതിൽ സി.ഡബ്ലു.ആർ.ഡി.എം ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1992-ൽ അംഗീകരിച്ച ജലനയം രൂപവത്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
സർക്കാർ , സർക്കാരിതര , തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കായി നിരവധി പരിശീലന അവബോധന പരിപാടികളും ഈ സ്ഥാപനം നടത്തി വരുന്നു. ജലവിഭവ സാങ്കേതിക വിദ്യ, ജല ശാസ്ത്രം, ഭൂഗർഭജല ശാസ്ത്രം പരിസ്ഥിതി ശാസ്ത്രം – സാങ്കേതിക വിദ്യ ,കാർഷിക ശാസ്ത്ര – സാങ്കേതികവിദ്യ , ജൈവ വൈവിധ്യം, രസതന്ത്രം, കാലാവസ്ഥാ ശാസ്ത്രം,സാമൂഹിക ശാസ്ത്രം തുടങ്ങി വ്യത്യസ്ത മേഖലകളിലെ വിദഗ്ദരായ 36 ശാസ്ത്രജ്ഞർ ഇവിടെ യോജിച്ച് പ്രവർത്തിച്ചു വരുന്നു. യു എൻ ഡി പി .യൂണിസെഫ്, യു . എൻ.ഇ പി , ഐ എ ഇ എ , വേൾഡ് ബാങ്ക് 1 വെറ്റ്ലാന്റ് ഇന്റർനാഷണൽ ബ്രിട്ടിഷ് ജിയോളിക്കൽ സർവ്വേ , യൂറോപ്യൻ യൂണിയൻ തുടങ്ങി നിരവധി അന്തർദ്ദേശീയ ഏജൻസികളുമായി യോജിച്ച് ഗവേഷണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടത്തെ ജല ഗുണനിലവാര ലബോറട്ടറി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആന്റ് കാലിബ്രഷേൻ (NABL)അംഗീകാരം നേടിയതാണ്. ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള ജല ഗവേഷണത്തിനായ് നാഷണൽ ഐസോടോപ്പ് ലബോറട്ടറിയും കേരളത്തിന്റെ പരമ്പരാഗത ജല സംരക്ഷണ പരിപാലന രീതികളും നമ്മുടെ നാടിന്റെ ജല പാരമ്പര്യവും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തുന്ന ജല പൈതൃക മ്യൂസിയവും വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന പതിനായിരത്തിലധികം പുസ്തകങ്ങൾ ലഭ്യമായ ലൈബ്രറിയും ഈ സ്ഥാപനത്തിന്റെ പ്രധാന ആകർഷകമാണ്. കണ്ണൂർ കാലിക്കറ്റ് , കുസാറ്റ് തുടങ്ങി നിരവധി സർവ്വകലാശാലകളുടെ അംഗീകൃത ഗവേഷണ സ്ഥാപനമാണ് സി.ഡബ്ല്യു.ആർ.ഡി.എം. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു.
