രാജ്യത്തെ ആദ്യ കൾച്ചറൽ കോൺഗ്രസിന് കേരളം വേദിയാകുന്നു. സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം’ എന്നീ സന്ദേശങ്ങൾ മുൻനിർത്തി ‘ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്’ ഡിസംബർ 20 മുതൽ 22 വരെ എറണാകുളത്ത് എട്ടു വേദികളിലായാണ് സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് എഴുത്തുകാർ, ചരിത്രകാരന്മാർ, സിനിമാ- കലാപ്രവർത്തകർ എന്നിവർ പങ്കെടുക്കും. കലാവിഷ്കാരങ്ങൾ, സംവാദങ്ങൾ, സെമിനാർ, അഭിമുഖങ്ങൾ, നാടക- സിനിമാ പ്രദർശനങ്ങൾ, ഗോത്ര- നാടൻ- ക്ലാസിക്കൽ കലാവതരണങ്ങൾ തുടങ്ങിയവ നടക്കും.

ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പിന്തുണയോടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും ചേർന്നാണ് ഈ കൂട്ടായ്മക്ക് രൂപം നൽകിയിരിക്കുന്നത്.

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡിസംബർ 20-ന് രാവിലെ എറണാകുളം രാജേന്ദ്ര മൈതാനത്ത്
ശ്രീ. പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ്, വിഖ്യാത
ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, ഹിന്ദി കവി അശോക് വാജ്പയ്, തെലുങ്കു സാഹിത്യകാരനും, ചലച്ചിത്രഗാന രചയിതാവുമായ സുദ്ധല അശോക് തേജ തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ സംബന്ധിക്കും.

ഇന്ത്യയിലെ വിവിവ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ കലാസാംസ്കാരിക പ്രതിഭകൾക്ക് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുന്നതിനായി കേരളം വേദി ഒരുക്കും.

മതം, വർണ്ണം, വംശം തുടങ്ങിയ സങ്കുചിത താല്പര്യങ്ങൾക്ക് അതീതമായി, സാഹിത്യം, നാടകം, സംഗീതം, ചലച്ചിത്രം,,നൃത്തം, ശില്പ ചിത്രകലകൾ, ജനകീയ കലകൾ എന്നീ മേഖലകളിലെ പ്രമുഖർ ഈ സാംസ്കാരിക കൂട്ടായ്മയിൽ ഒത്തുചേരും.

ടി പത്മനാഭൻ,സൈദ്മെർസ, ഷീല, മേദിനി,അശോക് വാജ്പേയ്, മേതിൽ രാധാകൃഷ്ണൻ,കലാമണ്ഡലം ഗോപിയാശാൻ,സിജെ കുട്ടപ്പൻ,ഗുലാം മുഹമ്മദ്ഷേക്ക്,സി എൽ ജോസ്,ഉമയാൾ പുരം ശിവരാമൻ എന്നീ പ്രമുഖ വ്യക്തിത്വങ്ങളെ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനോട് അനുബന്ധിച്ച് ഉത്ഘാടന വേദിയിൽ ആദരിക്കും.

ദർബാർ ഹാൾ ഗ്രൗണ്ട് – കേക, രാജേന്ദ്ര മൈതാനം – ടാഗോർ വേദി, ലളിതകല അക്കാദമി – ഷേക്‌സ്പിയർ സ്ക്വയർ (4 വേദികൾ), ടി. കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം – വൈക്കം മുഹമ്മദ് ബഷീർ വേദി,സുഭാഷ് പാർക്ക് – പിക്കാസോ വേദി , ഫൈൻ ആർട്സ് ഹാൾ- കാളിദാസരംഗ വേദി എന്നിവിടങ്ങളിൽ പരിപാടികൾ അരങ്ങേറും.

സാഹിത്യം- കലാരംഗത്തുനിന്ന് ജാവേദ് അക്തർ, അശോക് വാജ്പേയ്, സചിദാനന്ദൻ, എം. മുകുന്ദൻ, ടി. പത്മനാഭൻ, രാജാത്തി സൽമ, ജി. എൻ. ദേവി, ഡോ. എം. എൻ. കാരശ്ശേരി.
സിനിമ- അക്കാദമിക് മേഖലയെ പ്രതിനിധീകരിച്ച് സഹീദ് മിർസ, രത്‌ന പഥക് ഷാ, സുധാംശു പാണ്ഡെ, സുധൻവ ദേശ് പാണ്ഡെ, നൃത്തം- സംഗീത രംഗത്തെ പ്രമുഖരായ ഉമയാൾപുരം ശിവരാമൻ, കലാമണ്ഡലം ഗോപി, ശാന്താ ധനജ്ഞയൻ. രാഷ്ട്രീയം/ മാധ്യമ രംഗത്തെ പ്രതിനിധാനം ചെയ്ത് കനിമൊഴി എം. പി, സിദ്ധാർത്ഥ വരദരാജൻ, സു വെങ്കിടേശൻ തുടങ്ങിയവർ പങ്കെടുക്കും
എട്ട് വേദികളിലായി മൂന്ന് ദിനരാത്രങ്ങളിലാണ് പരിപാടികൾ അരങ്ങേറുക. കോൺഗ്രസ്സിന്റെ ഭാഗമായി സംവാദങ്ങൾ, കലാവിഷ്കാരങ്ങൾ, ശില്പകലാ പ്രദർശനങ്ങൾ, ലോക ക്ലാസ്സിക്ക് കൃതികളുടെ വായനയും സംവാദവും, തെരുവു അവതരണങ്ങൾ, ശില്പശാലകൾ, പ്രഭാഷണങ്ങൾ,ചലച്ചിത്രമേള, ഗോത്ര-നാടൻ-ക്ലാസിക്കൽ കലാവതരണങ്ങൾ, സാഹിത്യകാരൻമാരുടെ മക്കൾ അവരുടെ കൃതികൾ വായിക്കുക, തെരുവ് അവതരണങ്ങൾ, പലസ്തീൻ കലാകാരന്മാരുടെ ചിത്രപ്രദർശനം, വിവിധ നാടൻ അനുഷ്ടാന ഗോത്ര കലാരൂപങ്ങൾ, തുടങ്ങി നിരവധി ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്

ട്രാൻസ്ജെൻഡർ കലാവതരണങ്ങൾ, ഭാഷാ ന്യൂനപക്ഷങ്ങളുടെ കൂട്ടയ്മ, ഭിന്നശേഷി അവതരണങ്ങൾ തുടങ്ങിയവയ്ക്ക് കൾച്ചറൽ കോൺഗ്രസ് പ്രത്യേക പ്രാധാന്യം നൽകും.

സമാപന സമ്മേളനത്തിന്റെ സാംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം പത്മശ്രീ മമ്മൂട്ടി നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ആദരം അദ്ദേഹം ഏറ്റുവാങ്ങും

സെമിനാറുകളിലും ചർച്ചകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യേണ്ട ഗൂഗിൾ ഫോം, സാംസ്കാരിക വകുപ്പ് അദ്ധ്യക്ഷ കാര്യാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ culturedirectorate.kerala.gov.in-ൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *