തലശ്ശേരി: തലശ്ശേരിയിൽ നഴ്‌സുമാർ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മൽ (27) ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-നാണ് സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ എസ്.ഐ. കെ. അശ്വതിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ദൃശ്യങ്ങൾ ശേഖരിച്ച് ഉടൻതന്നെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു. തലശ്ശേരി നാരങ്ങാപ്പുറത്തുള്ള ഒരു വീട്ടിലും ഇയാൾ കയറിയതായി വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് ഇൻസ്‌പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വീടിന്റെ പരിസരങ്ങളിലും ഊർജ്ജിതമായി തിരച്ചിൽ നടത്തി.

തിരച്ചിലിനൊടുവിൽ വൈകുന്നേരം ആറ് മണിയോടെ തലശ്ശേരിയിൽവെച്ച് എസ്.ഐ. അശ്വതി, സിവിൽ പോലീസ് ഓഫീസർമാരായ സിജിൽ, ഹിരൺ, സായൂജ് എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടി. സ്റ്റേഷനിൽ ഹാജരാക്കിയ മുഹമ്മദ് അജ്മലിനെ പരാതിക്കാരി തിരിച്ചറിഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ. ഷമീൽ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ബലാത്സംഗവും കവർച്ചയും ഉൾപ്പെടെ നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *