ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ‘ പോറ്റിയെ കേറ്റിയേ സ്വര്‍ണം ചെമ്പായി മാറ്റിയെ’ പാട്ട് പാടിക്കൊണ്ടായിരുന്നു പ്രതിഷേധം.
ശബരിമല സ്വര്‍ണ്ണപ്പാളി കൊള്ള പാര്‍ലമെന്റിലും ഉന്നയിക്കേണ്ട പ്രധാനപ്പെട്ട വിഷയം തന്നെയാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ശബരിമല ഭക്തര്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഹൈക്കോടതി ആവര്‍ത്തിച്ചു പറഞ്ഞു ശബരിമല കൊള്ളയില്‍ ഉന്നതന്മാര്‍ ഇനിയും പെട്ടിട്ടുണ്ട്. പക്ഷേ അന്വേഷണസംഘം ഉന്നതന്മാരിലേക്ക് എത്തുന്നില്ല അന്വേഷണസംഘത്തിന് മുകളില്‍ സര്‍ക്കാരിന്റെ നിയന്ത്രണമുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ശബരിമല വിവാദം പ്രതീക്ഷിച്ചതില്‍ കൂടുതല്‍ തിരിച്ചടിച്ചു എന്ന സിപിഐയുടെ പ്രതികരണത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വൈകിയാണെങ്കിലും അത്തരം കാര്യങ്ങള്‍ സിപിഐ പറഞ്ഞത് നല്ല കാര്യമാണെന്ന് അദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് തീരുമാനം.
