മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം സെൽഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് രൂക്ഷവിമർശനം. ഇതിഹാസ താരത്തോട് അമൃത ബഹുമാനമില്ലാതെ പെരുമാറിയെന്നാണ് മെസ്സി ആരാധകരുടെ പരാതി. ച്യൂയിംങ് ഗം ചവച്ചുകൊണ്ട്, മെസ്സി, റോഡ്രിഗോ ഡി പോൾ, ലൂയി സ്വാരെസ് എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്ന അമൃതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മെസ്സിക്കൊപ്പം ഗ്രൗണ്ടിൽ നിൽക്കാനും ഇങ്ങനെ പെരുമാറാനും അമൃതയ്ക്ക് എന്തു യോഗ്യതയാണ് ഉള്ളതെന്നും ഒരു വിഭാഗം ആരാധകർ ചോദിക്കുന്നു. മെസ്സിക്കൊപ്പം നിൽക്കുന്നതിനു വേണ്ടി അർജന്റീന താരം ഡി പോളിനെ അമൃത മാറ്റി നിർത്തിയതായും ആരോപണമുണ്ട്. മെസ്സിയുടെ കൂടെയുള്ള ചിത്രം അമൃത ഫഡ്നാവിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനും മെസ്സി ആരാധകരുടെ പരിഹാസ കമന്റുകളുണ്ട്.
