മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിശോധിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് കോഴിക്കോട് നടത്തിയ സിറ്റിങ്ങിനിടെ ഗസ്റ്റ് ഹൗസിൽ വെച്ച് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി) അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി .
പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്.ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം. സര്‍ക്കാരിന് ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ നീക്കം.
2019 ഡിസംബര്‍ 31 നായിരുന്നു കമ്മീഷന് മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‘കാസ്റ്റിംഗ് കൗച്ച്’ സിനിമാ വ്യവസായത്തിനുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ റിപ്പോര്‍ട്ട് സര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു
