ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് രംഗത്തെത്തി .
ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും ആറ് പേർ ചേർന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന സിപിഐ എം മരണത്തിന്റെ വ്യാപാരികളാണെന്ന് വിഡി സതീശൻ വിമർശിച്ചു. ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും യുഡിഎഫും കോൺഗ്രസും മാറ്റിവെച്ചു. എന്നാൽ സിപിഎം ജില്ലാ സമ്മേളനങ്ങളും തിരുവാതിരയും നടത്തുകയാണ്. ജില്ല കളക്ടറുടെ ഉത്തരവ് ലംഘിച്ചാണ് സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നത്. 50 പേരുടെ പരിപാടിക്ക് അനുമതിയുള്ളിടത്ത് 250 പേർ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കോൺഗ്രസ് പാർട്ടിയാണ് വഹിച്ചതെന്നും മറിച്ചെന്തെങ്കിലും സംഭവിച്ചിട്ടുണ്ടങ്കിൽ തിരുത്താൻ നിർദേശം കൊടുത്തിട്ടുണ്ടെന്നും സംസ്കാരവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.
