ലണ്ടന്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്, പി.എസ്.ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും പിന്നിലാക്കി അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക് വീണ്ടും മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം. ഇത് എട്ടാം തവണയാണ് മെസ്സി ഈ പുരസ്‌കാരം നേടുന്നത്. ബാഴ്സലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മറ്റി മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഡിസംബര്‍ 19 മുതല്‍ 2023 ആഗസ്റ്റ് 20 വരെ കാലയളവിലെ പ്രകടനമാണ് ഫിഫ പരിഗണിച്ചത്.
മികച്ച പുരുഷ പരിശീലകനായി പെപ് ഗാര്‍ഡിയോളയും, വനിത പരിശീലകയായി സറീന വെയ്ഗ്മാനും തെരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് സറീന ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടുന്നത്. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഗ്യൂലിഹേര്‍മ മഡ്രൂഗക്കാണ്. പുരുഷ ഗോള്‍കീപ്പറായി എഡേഴ്സണും വനിതാ ഗോള്‍കീപ്പറിനുള്ള പുരസ്‌കാരം മേരി ഇയര്‍പ്സിനുമാണ്. വംശീയതക്ക് എതിരായ പോരാട്ടം പരിഗണിച്ച് ബ്രസീലിയന്‍ ടീമിന് ഫെയര്‍പ്ലേ പുരസ്‌കാരം ലഭിച്ചു.